
തിരുവനന്തപുരം: കേരള സർവകലാശാലയിൽ സസ്പെൻഷനിൽ കഴിയുന്ന രജിസ്ട്രാർ കെ.എസ്. അനിൽകുമാറിൻ്റെ അവധി അപേക്ഷ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ തള്ളി. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിയുടെ നടപടി.
കഴിഞ്ഞ ദിവസം വിദേശ പര്യടനം കഴിഞ്ഞ് ചുമതലയേറ്റ വിസിക്ക്, ദേഹാസ്വാസ്ഥ്യം കാരണം അവധി ആവശ്യപ്പെട്ടുകൊണ്ട് അനിൽകുമാർ ഇ-മെയിൽ അയക്കുകയായിരുന്നു. തൻ്റെ അഭാവത്തിൽ രജിസ്ട്രാറുടെ ചുമതല പരീക്ഷ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസ് ജോയിൻ്റ് രജിസ്ട്രാർക്കോ നൽകണമെന്നും അദ്ദേഹം അപേക്ഷയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഡോ. സിസ തോമസ് അനിൽകുമാറിന് ക്യാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ അവധി അപേക്ഷയെത്തിയത്.
അതേസമയം, രജിസ്ട്രാറുടെ ചുമതല ഡോ. മിനികാപ്പന് നൽകിക്കൊണ്ടുള്ള വിസിയുടെ ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിക്കുകയും അതുവഴി ഓഫീസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
സർവകലാശാലയിലെ നാശനഷ്ടങ്ങൾ വിലയിരുത്തും
സർവകലാശാലയുടെ വസ്തുവകകൾക്ക് SFI യുടെ ഉപരോധത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വിസി യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി. ഈ നാശനഷ്ടങ്ങൾക്ക് കാരണക്കാരായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് വിസിയുടെ നിലപാട്.











